"ഇന്ന് നടക്കുന്നതുപോലെ സ്വഹാബത്തും നബി( സ ) തങ്ങളും തമ്മില്‍ ബൈഅത്ത് നടന്നിരുന്നു,

അസ്സലാമു അലൈക്കും,

ഇന്ന് നടക്കുന്നതുപോലെ സ്വഹാബത്തും നബി( സ ) തങ്ങളും തമ്മില്‍ ബൈഅത്ത് നടന്നിട്ടുണ്ടോ? പുരുഷന്മാരെ പോലെ സ്‌ത്രീകളും
നബി( സ ) തങ്ങളോട് ബൈഅത്ത് ചെയ്തിരുന്നോ?

തീര്‍ച്ചയായും ഉണ്ട് . സഹാബികള്‍ നബി( സ ) തങ്ങളുമായി കൂട്ടമായും തനിച്ചായും ബൈഅത്ത് ചെയ്ത നിരവധി സംഭവങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട് . അവയെല്ലാം ഇന്ന് നടക്കുന്നവ പോലെയുള്ളത് തന്നെയായിരുന്നു:

" യഅ്ലബ്ന് ശദ്ദാദ് ( റ ) നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു. എന്റെ പിതാവ് ശദ്ദാദ് ബ്ന് ഗൗസ് ( റ ) എന്നവര്‍ ഉബാദത്ത്ബ്ന് സ്വാമിത്ത് ( റ ) വിന്റെ സന്നിദ്യത്തില്‍ വെച്ച് എന്നോട് പറഞ്ഞു. ( ഉബാദത്ത് അത് സമ്മതിക്കുന്നുണ്ടായിരുന്നു.) ഞങ്ങള്‍ നബി( സ ) തങ്ങളുടെ അടുത്തായിരുന്നു. അപ്പോള്‍ അവിടുന്ന്‍ പറഞ്ഞു. നിങ്ങളില്‍ യഹൂദീ നസാറാക്കളില്‍പ്പെട്ട അന്യരായ ആരെങ്കിലുമുണ്ടോ? അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ഇല്ല റസൂലെ. അപ്പോള്‍ നബി( സ ) തങ്ങള്‍ വാതിലടക്കാന്‍ കല്‍പ്പിച്ചു. ശേഷം പറഞ്ഞു. ' നിങ്ങള്‍ നിങ്ങളുടെ കൈകള്‍ ഉയര്‍ത്തുക എന്നിട്ട് നിങ്ങള്‍ പറയുകയും ചെയ്യുക. لااله الاالله . സ്വഹാബി പറയുന്നു. അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ കരങ്ങള്‍ ഉയര്‍ത്തുകയും لااله الاالله എന്ന് പറയുകയും ചെയ്തു. പിന്നിട് നബി( സ ) തങ്ങള്‍ പറഞ്ഞു. സര്‍വ്വസ്തുതിയും അല്ലാഹുവിന്നാണ്‌ . അല്ലാഹുവെ ഈ വാക്ക് കൊണ്ടാണ് നീ എന്നെ അയച്ചത്. ഇത്കൊണ്ടാണ് നീ എന്നോട് കല്‍പ്പിച്ചത്. ഇതിന്റെ പേരില്‍ നീ എനിക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്തു. നീ വാഗ്ദത്ത ലംഘനം ചെയ്യുകയില്ല. പിന്നീട് നബി( സ ) തങ്ങള്‍ പറഞ്ഞു. അറിയുക, നിങ്ങള്‍ സന്തോഷിക്കുവിന്‍ അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു."( അഹ്മദ് , ത്വബ് റാനി, ബസ്സാര്‍ )

നബി( സ ) തങ്ങളുമായി സ്വഹാബത്ത് കൂട്ടമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് ഈ ഹദീസ് വിളിച്ചോതുന്നു.

ഓരോരുത്തര്‍ സ്വകാര്യമായി നബി( സ ) തങ്ങളോട് 
ബൈഅത്ത് ചെയ്തതായും ഹദീസുകളില്‍ വന്നിട്ടുണ്ട് .

" അലി( റ ) നബി( സ ) തങ്ങളോട് ചൊദിച്ചു .
അല്ലാഹുവിന്റെ റസൂലെ, അല്ലാഹുവിന്റെയടുത്ത് ഏറ്റവും സ്രേഷ്ടമായതും അവന്റെ അടിമകള്‍ക്ക് ഏറ്റവും എളുപ്പമായതും അവനിലേക്ക് ഏറ്റവും കൂടുതല്‍ അടുത്തതുമായ ഒരു വഴി അവിടുന്ന്‍ എനിക്ക് പറഞ്ഞുതരിക.
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: നിങ്ങള്‍ എപ്പോഴും അല്ലാഹുവിന്റെ ദിക് റിനെ പരസ്യമായും രഹസ്യമായും സ്ഥിരമാക്കുക. അപ്പോള്‍ അലി( റ ) ചോദിച്ചു. ജനങ്ങള്‍ മുഴുവനും ദിക്ര്‍ ചോല്ലുന്നവരാണ് . അവിടുന്ന്‍ എനിക്ക് പ്രത്യേകമായി വല്ലതും തരിക ?
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: ഞാനും എനിക്ക് മുമ്പുള്ള പ്രവാചകന്മാരും പറഞ്ഞതില്‍ വെച്ച് ഏറ്റവും 
സ്രേഷ്ട്ടമായത്  لااله الاالله എന്നതാണ് . ആകാശങ്ങളും ഭൂമികളും തുലാസിന്റെ ഒരു തട്ടിലും لااله الاالله മറ്റൊരു തട്ടിലും വെക്കപ്പെട്ടാല്‍ لااله الاالله അതിജയിക്കും. ഭൂമിയുടെ ഉപരിതലത്തില്‍ لااله الاالله എന്ന് പറയുന്നവര്‍ ഉണ്ടാകുന്ന കാലത്തോളം അന്ത്യനാള്‍ ഉണ്ടാവുകയില്ല.
അപ്പോള്‍ അലി( റ ) ചോദിച്ചു. ഞാന്‍ എങ്ങനെയാണ് ദിക്ര്‍ ചൊല്ലേണ്ടത് ?
അപ്പോള്‍ നബി( സ ) തങ്ങള്‍ പ്രതിവചിച്ചു: നിന്റെ കണ്ണുകള്‍ അടക്കുക എന്നിട്ട് എന്നില്‍ നിന്ന് മൂന്ന് പ്രാവശ്യം 
لااله الاالله എന്നത് കേള്‍ക്കുക. പിന്നീട് നീ മൂന്ന് പ്രാവശ്യം അത് പറയുക. ഞാന്‍ കേള്‍ക്കുകയും ചെയ്യും. പിന്നെ അത് ഉച്ചത്തില്‍ ചൊല്ലുകയും ചെയ്യുക."
( റവാഹു ത്വബറാനി, വല്‍ 
ബര്‍റാസ്  )

ഈ ഹദീസില്‍ നിന്ന് ഓരോരുത്തരും രഹസ്യമായി ബൈഅത്ത് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കാം. സ്ത്രീകളും പുരുഷന്മാരെപ്പോലെത്തന്നെ നബി( സ ) തങ്ങളുമായി 
ബൈഅത്ത് ചെയ്തിരുന്നു.

" ഉമൈമ ബിന്‍ത് റുഖൈഖ( റ ) വില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: നബി( സ ) തങ്ങളെ ബൈഅത്ത് ചെയ്യുന്ന സ്‌ത്രീകളുടെ കൂട്ടത്തില്‍ ഞാനും അവിടത്തെ തിരുസന്നിധിയില്‍ വന്നു. അപ്പോള്‍ ആ സ്‌ത്രീകള്‍ പറഞ്ഞു. നല്ല കാര്യത്തില്‍ താങ്കളോട് എതിര് പ്രവര്‍ത്തിക്കുകയില്ല എന്നതിലും, ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടാക്കിപ്പറയുകയില്ലാ എന്നതിലും, ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ വധിക്കുകയില്ല എന്നതിലും, ഞങ്ങള്‍ വ്യഭിചരിക്കുകയില്ല എന്നതിലും, മോഷണം നടത്തില്ല എന്നതിലും അല്ലാഹുവോട് പങ്ക് ചേര്‍ക്കില്ല എന്നതിലും നബിയെ ...താങ്കളോട് ഞങ്ങള്‍ ബൈഅത്ത് ചെയ്യുന്നു.
അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു: നിങ്ങള്‍ക്ക് കഴിയുന്ന കാര്യങ്ങളില്‍ മാത്രം. അപ്പോള്‍ സ്‌ത്രീകള്‍ പറഞ്ഞു: അല്ലാഹുവും അവന്റെ റസൂലും ഞങ്ങളുടെ സ്വന്തം ശരീരത്തോട് കരുണയുള്ളവരാണ് . വരൂ... താങ്കളോട് ഞങ്ങള്‍ ബൈഅത്ത് ചെയ്യാം റസൂലെ... അപ്പോള്‍ നബി( സ ) തങ്ങള്‍ പറഞ്ഞു. ഞാന്‍ സ്ത്രീകളോട് ഹസ്തദാനം ചെയ്യുകയില്ല. 100 സ്ത്രീകളോടുള്ള എന്റെ വാക്ക് ഒരു സ്ത്രീയോടുള്ള എന്റെ വാക്ക് പോലെയാണ് " ( തുര്‍മുദി, നസാഈ )

അലി( റ ) നബി( സ ) തങ്ങളോട് ബൈഅത്ത് ചെയ്‌ത സംഭവം മുമ്പ് ഉദ്ധരിച്ചുകഴിഞ്ഞു.
പിന്നീട് അതുപോലെ അലി( റ ) ഹസനുല്‍ ബസരി( റ ) വിന്‌ ദിക്ര്‍ ചൊല്ലിക്കൊടുത്തു. 
ഹസനുല്‍ ബസരി( റ ) ഹബീബുല്‍ ഹജമി( റ ) വിനും ഹബീബുല്‍ ഹജമി( റ ) ദാവൂദുത്വാഈ( റ ) വിനും അദ്ദേഹം സിരിയ്യുസിഖ്‌തി( റ ) വിനും അവര്‍ അബുല്‍ ഖാസിമുല്‍ ജുനൈദ് ( റ ) വിനും ചൊല്ലിക്കൊടുത്തു. അപ്രകാരം നമ്മുടെ ഈ കാലംവരെ എത്തി (തഖ്‌രീബുല്‍ ഉസൂല്‍ )

നബി( സ ) തങ്ങള്‍ക്ക് ശേഷം സ്വഹാബാകളിലും താബിഉകള്‍ക്കിടയിലും ഇപ്രകാരം ശൈഖ് , മുരീദ്  എന്ന ബന്ധം നിലനിന്നിരുന്നുവെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. പക്ഷെ, അന്ന് പ്രത്യേകമായി ഒരു ശൈഖിലേക്ക് മാത്രം ചേര്‍ത്തിപ്പറയാറില്ലായിരുന്നു. ഒരാള്‍ക്കുതന്നെ 50 ഉം 100 മൊക്കെ ശൈഖുമാരുണ്ടായിരുന്നു. ആദ്യകാലക്കാരുടെ ഹൃദയം വിശുദ്ധമായതിനാല്‍ ആന്തരിക ജ്ഞാനം കരസ്ഥമാക്കുക എന്നത് മാത്രമേ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുവുള്ളൂ. അത് ആരുടെ അടുത്ത് ഉണ്ടോ അവിടെച്ചെന്ന് അവര്‍ കരസ്ഥമാക്കും. 
ഇമാം ശഅ് റാനി( റ ) തന്റെ അന്‍വാറുല്‍ ഖുദ്സിയ്യയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട് .

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ പറയുന്നു " അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം ലഭിച്ചതിനു ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് . എനിക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഖിലാഫത്ത്‌ കര്‍ണാടകയിലെ വാഡിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് സയ്യിദ് മുഹമ്മദ്‌ ബാദ്ശാഹ് ഖാദിരി(റ) തങ്ങളാണ് നല്‍കിയത് . അത്ഭുതങ്ങള്‍ കാണിച്ചിരിക്കുകയല്ല, ജനങ്ങളുടെ മരിച്ച ഹൃദയങ്ങളെ പൂര്‍ണ്ണ തൌഹീദ് നല്‍കി ജീവിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌  നബി(സ)യും അലി(റ)വും  ശൈഖ് മുഹിയുദ്ധീന്‍ അബദുല്‍ ഖാദിറില്‍ ജീലാനി(റ)വും മറ്റു ശൈഖുമാരും എന്നോട് പറഞ്ഞു. ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ അവരാണ് പിടിച്ചിറക്കിയത് . അവരിലൂടെ ഏല്‍പ്പിക്കപ്പെട്ട ദൌത്യത്തില്‍ നിന്ന്  പിന്‍മാറുന്ന പ്രശ്നമേയില്ല. പരിശുദ്ധ തൌഹീദിന്റെ സമ്പൂര്‍ണ്ണതയിലേക്ക് ജനങ്ങളെ കൈപിടിച്ച് പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ അവരെ പാകപെടുത്തുകയാണ് ഞാന്‍ ചെയുന്നത് . എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.