" സംഘടനകള്‍ ആഖിറത്തില്‍ രക്ഷക്കെത്തില്ല "

അസ്സലാമു അലൈക്കും,

കേരളത്തില്‍ ഇസ്‌ലാമെന്നാല്‍ ഇന്ന് ചില സംഘടനകളാണ് . അവ രൂപീകരിക്കുന്ന നയങ്ങളും ആശയങ്ങളുമാണ്‌ ഇസ്‌ലാമിന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് . സംഘടനകള്‍ക്ക് അപ്രമാദിത്വവും ആധികാരികതയും നല്‍കുന്നത് ദീനിന്റെ തകര്‍ച്ചക്ക് കാരണമാകും. ചില സംഘടനകളുടെ അവകാശവാദം തന്നെ ആധികാരിക പണ്ഡിതസഭ , ആധികാരിക സംഘടന എന്നൊക്കെയാണ് . ആരാണ് ഈ സംഘടനകള്‍ക്ക് ആധികാരികത നല്‍കിയത് ? ഏത് അടിസ്ഥാനത്തിലാണ് അവര്‍ ആധികാരികത അവകാശപ്പെടുന്നത്  ? സംഘടനകള്‍ ഒരു കാര്യം തീരുമാനിച്ച് പ്രഖ്യാപനം നടത്തിയാല്‍ അതുകൊണ്ട് മാത്രം ആധികാരികവും പ്രാമാണികവുമാവുമെന്ന് എവിടെയാണുള്ളത്  ? ഈ സംഘടനകള്‍ക്ക് കേവലം ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പോലും അവകാശപ്പെടാനില്ലെന്നത് 
ആര്‍ക്കാണറിയാത്തത് ?

വിശുദ്ധ ഇസ്‌ലാമിനെ സംഘടനാവല്‍ക്കരിച്ചത് ദീനിന്റെ തകര്‍ച്ചക്ക് കാരണമായിട്ടുണ്ട് . സംഘടനകള്‍ വേണ്ട എന്നല്ല ഞാന്‍ പറയുന്നത് . ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക പ്രചരണത്തിന് സംഘടനകള്‍ ആവശ്യമായിരിക്കാം. സംഘടന ഉപയോഗിച്ച് ദീന്‍ പ്രചരിപ്പിക്കുന്നതിന് പകരം , ദീന്‍ ഉപയോഗിച്ച് സംഘടന പ്രചരിപ്പിക്കുകയാണ് ഇന്ന് ചെയ്യുന്നത് . സംഘടന തന്നെയാണ്  ഇസ്‌ലാം എന്നും അവ എന്തുപറഞ്ഞാലും അവയൊക്കെ ദീനിന്റെ നയങ്ങളാണെന്നുമുള്ള കാഴ്ച്ചപ്പാട്‌ തീര്‍ത്തും തെറ്റാണ് . ഇസ്‌ലാമെന്നാല്‍ അല്ലാഹുവും റസൂല്‍ ( സ ) തങ്ങളും പഠിപ്പിച്ചു തന്നതാണ് . നബി( സ ) യും സ്വഹാബത്തും ഔലിയാക്കളും സഞ്ചരിച്ച വിശുദ്ധ മാര്‍ഗ്ഗമാണ് . കഴിഞ്ഞ കാലത്ത് മുസ്‌ലിം ഉമ്മത്തിന് നേതൃത്വം നല്‍കിയിരുന്നത് ഔലിയാക്കളാണ് . ത്വരീഖത്തിന്റെ മശാഇഖുമാര്‍ വിശുദ്ധ വ്യക്തിത്വങ്ങളും അല്ലാഹുവിന്റെയും റസൂലിന്റെയും പ്രതിനിധികളുമായിരുന്നു. ഈ വിശുദ്ധ പ്രതിനിധികള്‍ക്ക് തങ്ങളുടെ അനുയായികളെ നേര്‍മാര്‍ഗ്ഗത്തിലൂടെ നയിക്കാനും ആത്യന്തിക വിജയം ഉറപ്പ് നല്‍കാനും സാധിച്ചു.

" എന്നെ പിടിച്ചവര്‍ ഏതും പേടിക്കേണ്ട
എന്നെ പിടിച്ചോര്‍ക്ക് ഞാന്‍ കാവലെന്നോവര്‍ " എന്ന് ധൈര്യസമേതം പ്രഖ്യാപിക്കാന്‍ ഗൗസുല്‍ അഅ്ളം മുഹിയുദ്ദീന്‍ശൈഖ് ( റ ) വിനെപ്പോലുള്ളവര്‍ക്ക് സാധിച്ചത് അവരൊക്കെ അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികളായത് കൊണ്ടാണ് . ഇത്തരം മഹത്തുക്കള്‍ക്ക് മാത്രമേ തങ്ങളുടെ പിന്നില്‍ അണിനിരന്നവരുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ സാധിക്കൂ . കേരളത്തില്‍ ഇന്ന് നിരവധി മുസ്‌ലിം സംഘടനകളുണ്ടല്ലോ . തങ്ങളുടെ അനുയായികളുടെ കാര്യത്തില്‍ ഇത്തരമൊരു ഉറപ്പ് നല്‍കാന്‍ ഏതെങ്കിലും സംഘടനകള്‍ക്ക് കഴിയുമോ ? എന്നാല്‍ അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികള്‍ക്ക് അതിനു കഴിയും . അതില്‍ ഒരു സംശയവുമില്ല . അതുകൊണ്ടാണ് കഴിഞ്ഞകാല മുസ്‌ലിംകള്‍ ത്വരീഖത്തിന്റെ ശൈഖുമാരെ അംഗീകരിച്ചതും അവരുടെ പിന്നില്‍ അണിനിരക്കണമെന്ന് പൂര്‍വ്വിക മഹത്തുക്കള്‍ കല്‍പ്പിച്ചതും. സംഘടനകള്‍ രംഗത്ത്‌ വരികയും അവ സമുദായ നേതൃത്വം ഏറ്റെടുക്കുകയും ചെയ്‌തതോടെ ഈ വിശുദ്ധ വ്യക്തിത്വങ്ങളുടെ നേതൃത്വം സമുദായത്തിന്‌ നഷ്ടമായി. സംഘടനകള്‍ മുഖേന എത്ര വലിയ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെട്ടാലും ആത്മീയ രംഗത്ത് നമുക്കുണ്ടായ നഷ്ടം അപകടകരവും പരലോക വിജയത്തിന്‌ തടസ്സം നിക്കുന്നതുമാണ് . പരലോക വിജയമാണല്ലോ മുസ്‌ലിംകളുടെ ആത്യന്തിക ലക്ഷ്യം.

സംഘടനകള്‍ക്ക് അപ്രമാദിത്തവും ആധികാരികതയും പരമാധികാരവും നല്‍കി അവര്‍ക്ക് പിന്നില്‍ അണിനിരന്ന അനുയായികള്‍ ആലോചിക്കുക. ഈ സംഘടനകള്‍ നാളെ ആഖിറത്തില്‍ കൈപിടിക്കുമോ എന്ന് . സംഘടനകള്‍ എന്തൊക്കെയാണെങ്കിലും കേവലം സംഘടനകള്‍ മാത്രമാണ് .അവ നമ്മുടെ ആത്മീയ നേതൃത്വമോ പ്രമാണമോ അല്ല. അത്തരമൊരു പ്രമാണവും  നേതൃത്വവും ഇസ്‌ലാമിലില്ല. അല്ലാഹുവും റസൂല്‍ ( സ ) യും പഠിപ്പിച്ചു തന്നിട്ടുമില്ല. സംഘടനക്ക് പിന്നില്‍ എന്തുകൊണ്ട്  അണി നിരന്നില്ലെന്ന് അല്ലാഹു ചോദിക്കുകയുമില്ല. അതേ സമയം ആത്മ സംസ്‌കരണം നടത്താനുള്ള മാര്‍ഗ്ഗം എന്തുകൊണ്ട് സ്വീകരിച്ചില്ല ? എന്നിലേക്കടുപ്പിക്കുന്ന ഒരു വഴികാട്ടിയെ എന്തുകൊണ്ട് നീ പിന്‍പറ്റിയില്ല ? എന്ന് അല്ലാഹു ചോദിക്കുകയും ചെയ്യും.

നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയും തങ്ങള്‍ പടച്ചുണ്ടാക്കിയ സങ്കുചിത വീക്ഷണങ്ങള്‍ക്ക് വേണ്ടിയും പരസ്‌പരം വാദകോലാഹലങ്ങളും പോര്‍വിളികളും നടത്തുന്ന ഇത്തരം സംഘടനകള്‍ക്ക് വേണ്ടി നമ്മുടെ ആയുസ് നഷ്ടപ്പെടുത്തുന്നത് ബുദ്ധിശൂന്യതയും നാശത്തിന് കാരണവുമാണ് .
അല്ലാഹു നമുക്കുതന്ന വലിയ അനുഗ്രഹമാണ് ബുദ്ധി. നിങ്ങള്‍ ചിന്തിക്കുന്നില്ലേ ? നിങ്ങള്‍ ആലോചിക്കുന്നില്ലേ ? എന്നാണ് ഖുര്‍ആന്‍ ചോദിക്കുന്നത് . ഈ ബുദ്ധി ഉപയോഗിച്ച് നാം ആലോചിക്കുക. എവിടെയാണ് നാം അണിനിരക്കേണ്ടത് ? ആരെയാണ് നാം സ്വീകരിക്കേണ്ടത് ? ആരെയാണ് തിരസ്കരിക്കേണ്ടത് ? എന്ന് . നമ്മുടെ ബുദ്ധി ആര്‍ക്കുമുമ്പിലും പണയം വെക്കേണ്ടതില്ല.
" സമുദായത്തിന്റെ ആദ്യകാലക്കാര്‍ ഏത് കൊണ്ട് നന്നായോ അതുകൊണ്ടല്ലാതെ സമുദായത്തിലെ അവസാന കാലക്കാര്‍ നന്നാവുകയില്ല " എന്നാണ് നബി( സ ) തങ്ങള്‍ പഠിപ്പിച്ചത് .

ആദ്യകാല സമുദായത്തിന്റെ ചരിത്രം പഠിക്കുക എന്നിട്ട് ബുദ്ധികൊണ്ട് നന്നായി ആലോചിക്കുക. അപ്പോള്‍ ബോധ്യപ്പെടും അവര്‍ എങ്ങനെ നന്നായെന്ന് . അവര്‍ നന്നായത് റസൂല്‍ ( സ ) യിലൂടെയും സ്വഹാബത്തിലൂടെയും അവരുടെ പ്രതിനിധികളായി ശേഷം വന്ന ത്വരീഖത്തിന്റെ ശൈഖുമാരിലൂടെയുമാണ് . അവരുടെ നേതൃത്വമാണ് കഴിഞ്ഞ കാല മുസ്‌ലിംകളെ നന്മയിലേക്ക് നയിച്ചത് . ഇന്നും ഈ നേതൃത്വത്തിനേ നന്മയിലേക്ക് നയിക്കാന്‍ കഴിയൂ . സംഘടനകളുടെ സങ്കുചിത നേതൃത്വം മാറ്റിവെച്ച് അല്ലാഹുവിന്റെയും റസൂല്‍ ( സ ) യുടെയും പ്രതിനിധികളുടെ വിശുദ്ധ നേതൃത്വം അംഗീകരിക്കുക. അവരെ അനുസരിക്കുക. അതാണ്‌ വിജയത്തിലേക്കുള്ള മാര്‍ഗ്ഗം.