"ഭീരുത്വം നിന്ദ്യമാണ് "

അസ്സലാമു അലൈക്കും,

ഭീരുത്വം മനുഷ്യന്റെ ന്യുനതയാണ് .
നിന്ദ്യനും നിസാരനുമാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ ?
ജനങ്ങള്‍ നിന്നെ ഭീരുവെന്നും പേടിത്തൊണ്ടനെന്നും വിളിക്കാന്‍ നീ ഇഷ്ട്ടപ്പെടുന്നുണ്ടോ? തീര്‍ച്ചയായും താങ്കള്‍ അത് വെറുക്കുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട് .
ധീരത പ്രകടിപ്പിക്കേണ്ട അവസരങ്ങളില്‍ നിന്റെ പാദം പതറലാണ് ഭീരുത്വം. നിന്റെ രാഷ്‌ട്രത്തിന്റെ പുരോഗതിക്കുവേണ്ടി മുന്നിട്ട് വരേണ്ട സമയം നീ പിന്മാറലാണ് ഭീരുത്വം.

സത്യത്തില്‍ നിന്ന് പിന്മാറലും സത്യം വിളിച്ചുപറയാന്‍ ശേഷിയുണ്ടായിട്ടും അത് ഹൃദയത്തില്‍ ഒളിപ്പിച്ചുവെക്കലും ഭീരുത്വമാണ് . നീ അങ്ങനെ ചെയ്യുക വഴി ആളുകളില്‍ നിന്ന് സത്യമാര്‍ഗത്തെ മറച്ചു വെച്ചു. അതിലുപരി എന്നെന്നും സജീവമായി നിലകൊള്ളേണ്ട സത്യത്തെ നീ നശിപ്പിച്ചു . നീ കാരണമായി നന്മ ഭത്സിക്കപ്പെട്ടു. നീ കാരണമായി അക്രമിക്ക് പ്രവര്‍ത്തിക്കാനും അഹങ്കരിക്കാനുമുള്ള അവസരമുണ്ടായി.

ഭീരുത്വം നിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ചോടലാണ് . നീ അങ്ങനെ ചെയ്‌താല്‍ ഇവിടെ അരാജകത്വവും അവഗണനാ മനോഭാവവും മടിയും വ്യാപിക്കും. ശ്രദ്ധിക്കൂ, ധീരന്മാരെല്ലാം ദൈവ മാര്‍ഗത്തില്‍ സത്യത്തിനു വേണ്ടി മരണം വരിച്ചിരിക്കുന്നു.

സഹോദരാ, പ്രവര്‍ത്തികേണ്ട അവസരങ്ങളില്‍ കൈകെട്ടി വിശ്രമിക്കുന്നവന്‍ ഭീരുവാണ് . ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പഴുത് അന്വേഷിക്കുന്നവനും ഭീരുവാണ് .

സഹോദരാ, നീ സത്യം വിളിച്ചു പറയുക. സത്യമാര്‍ഗത്തില്‍ ഒരാക്ഷേപവും ഭയക്കരുത് . നീ സത്യം വെളിപ്പെടുത്തിയതു മൂലം നിന്റെ ആയുസ്സ് കുറയില്ല. നിന്റെ ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യില്ല. അല്ലാഹു നിശ്ചയിക്കാതെ നിനക്ക് ഒരാപത്തും സംഭവിക്കില്ല. നീ താഴെ ഉദ്ധരിക്കുന്ന ഖുര്‍ആനിക വചനം വായിക്കുക. അവ നിനക്ക് ധൈര്യവും സ്ഥൈര്യവും നല്‍കും...

" ഭൂമിയിലുള്ള ഒരൊറ്റ ജീവിക്കെങ്കിലും ആഹാരം നല്‍കാനുള്ള ബാധ്യത അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല. അവയുടെ വാസസ്ഥലവും സൂക്ഷിപ്പുസ്ഥലവും എല്ലാം അവന്‍  അറിയുന്നുണ്ട് . എല്ലാം വ്യക്തമായൊരു ഗ്രന്ഥത്തിലുണ്ട് ."( ഹൂദ്‌ )

സന്ദര്‍ഭവും സാഹചര്യവും എന്തു തന്നെ ആയാലും നീ സത്യം തുറന്നു പറയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭങ്ങളില്‍ നീ മടിച്ചു നില്‍ക്കില്ലെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

നീ ധീരത എന്ന സ്വഭാവം കൊണ്ട് അലംകൃതനാവുകയും സമൂഹത്തില്‍ ധീരന്‍ എന്നറിയപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

അറിയുക ! ധീരന്മാര്‍ എല്ലാ കാലഘട്ടങ്ങളിലും ശാശ്വതരാണ് . അവര്‍ മനുഷ്യ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കുന്നവരാണ് .
നീ ശാശ്വത പ്രതിഷ്ഠ നേടുന്നവരിലാകാന്‍ ഇഷ്ടപ്പെടുന്നില്ലേ...?

അശക്തി ഏറ്റവും വലിയ ആപത്താണ് . അത് ഉയരാനും മുന്നേറാനുമുളള എല്ലാ പ്രേരകങ്ങളെയും നശിപ്പിച്ച് കളയും. അശക്തി പുരുഷന്മാരുടെ ആര്‍ജ്ജവത്വത്തെ ക്ഷയിപ്പിക്കുകയും അവനെ പിന്നോട്ട് നയിക്കുകയും ചെയ്യും. നീ അശക്തിയെ സൂക്ഷിക്കുക. കഴിയുന്ന രീതിയില്‍ ശക്തി സംഭരിക്കുക. ശാരീരികവും ബുദ്ധിപരവുമായ നിന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ട എല്ലാ കലകളും കരസ്ഥമാക്കുക.

നിനക്ക് കഴിയുന്ന ഒരു കാര്യത്തിലും ' എനിക്ക് കഴിയില്ല ' എന്നു പറയരുത് . അദ്ധ്വാനിച്ച്‌ പഠിക്കുക. എല്ലാ നല്ല അവസരങ്ങളും ഉപയോഗപ്പെടുത്തുക. ശക്തനാവുക. കഴിവ് കേട്ടവനാകരുത് . നീ നിന്നെ ആത്മവിശ്വാസത്തോടെ നോക്കികാണുക. നിനക്ക് എല്ലാം കഴിയും.

ഖുതുബ്സമാന്‍ ശൈഖ് യൂസുഫ് സുല്‍ത്താന്‍ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കള്‍ പറയുന്നു " അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം ലഭിച്ചതിനു ശേഷമാണ് ഞാന്‍ വിശുദ്ധ തൗഹീദിന്റെ സന്ദേശവുമായി പ്രബോധനത്തിനിറങ്ങിയിരിക്കുന്നത് . എനിക്ക് ഖാദിരിയ്യ ത്വരീഖത്തിന്റെ ഖിലാഫത്ത്‌ കര്‍ണാടകയിലെ വാഡിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖുല്‍ മശാഇഖ് സയ്യിദ് മുഹമ്മദ്‌ ബാദ്ശാഹ് ഖാദിരി(റ) തങ്ങളാണ് നല്‍കിയത് . അത്ഭുതങ്ങള്‍ കാണിച്ചിരിക്കുകയല്ല, ജനങ്ങളുടെ മരിച്ച ഹൃദയങ്ങളെ പൂര്‍ണ്ണ തൌഹീദ് നല്‍കി ജീവിപ്പിക്കുകയാണ്‌ വേണ്ടതെന്ന്‌  നബി(സ)യും അലി(റ)വും  ശൈഖ് മുഹിയുദ്ധീന്‍ അബദുല്‍ ഖാദിറില്‍ ജീലാനി(റ)വും മറ്റു ശൈഖുമാരും എന്നോട് പറഞ്ഞു. ഒഴിഞ്ഞിരുന്ന് അല്ലാഹുവിന് ഇബാദത്ത് ചെയ്ത് ജീവിക്കാന്‍ ആഗ്രഹിച്ച എന്നെ അവരാണ് പിടിച്ചിറക്കിയത് . അവരിലൂടെ ഏല്‍പ്പിക്കപ്പെട്ട ദൌത്യത്തില്‍ നിന്ന്  പിന്‍മാറുന്ന പ്രശ്നമേയില്ല. പരിശുദ്ധ തൌഹീദിന്റെ സമ്പൂര്‍ണ്ണതയിലേക്ക് ജനങ്ങളെ കൈപിടിച്ച് പൂര്‍ണ്ണ തൗഹീദിലായി ചിരിച്ച് മരിക്കാന്‍ അവരെ പാകപെടുത്തുകയാണ് ഞാന്‍ ചെയുന്നത് . എന്റെ യഥാര്‍ത്ഥ മുരീദുമാര്‍ മരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം ആര്‍ക്കും ബോദ്യപ്പെടും.

അല്ലാഹു നമുക്ക് തൌഫീക്ക് നല്‍കട്ടെ.
ആമീന്‍